National
ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ച് എണ്ണക്കമ്പനികൾ. 10 ദിവസത്തിനിടെ മൂന്നാമത്തെ വർധനയാണിത്. ഇതോടെ അഞ്ച് രൂപയുടെ വർധനവാണുണ്ടായിരിക്കുന്നത്.
പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയും സിഎൻജിക്ക് ഒരു രൂപയുമാണ് വർധിപ്പിച്ചത്. ഇതോടെ ഡീസൽ വില 100 കടന്നു. പെട്രോളിന്റെ വില 112ൽ എത്തി. 90 രൂപയ്ക്കുമേൽ നൽകണം ഒരു കിലോ സിഎൻജിക്ക്.
Business
ന്യൂഡൽഹി: ആഗോളതലത്തിൽ ഇന്ധനവില കുതിച്ചുയരുന്നതും വിവിധ രാജ്യങ്ങൾ ആകാശപാതകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും കണക്കിലെടുത്ത് എയർ ഇന്ത്യ അന്താരാഷ്ട്ര സർവീസുകളിൽ വൻ വെട്ടിക്കുറയ്ക്കൽ പ്രഖ്യാപിച്ചു.
ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഡൽഹി-ചിക്കാഗോ ഉൾപ്പെടെയുള്ള ആറ് പ്രമുഖ വിദേശ റൂട്ടുകളിലെ സർവീസുകൾ താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിലേക്കാണ് ഈ ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്.
ഡൽഹി-ചിക്കാഗോ റൂട്ടിനു പുറമെ മുംബൈ-ന്യൂയോർക്ക്, ഡൽഹി-ഷാങ്ഹായ്, ചെന്നൈ-സിംഗപ്പുർ, മുംബൈ-ധാക്ക, ഡൽഹി-മാലിദ്വീപ് എന്നീ റൂട്ടുകളിലെ വിമാനങ്ങളാണ് ഓഗസ്റ്റ് വരെ റദ്ദാക്കിയത്.
ഇന്ധനവില റിക്കാർഡ് നിലവാരത്തിലെത്തിയതും പശ്ചിമേഷ്യൻ യുദ്ധസാഹചര്യത്തിൽ ചില വ്യോമപാതകൾ ഒഴിവാക്കി യാത്ര ചെയ്യേണ്ടി വരുന്നതും സർവീസുകളുടെ സാമ്പത്തിക ലാഭക്ഷമതയെ ബാധിച്ചതായി കമ്പനി അറിയിച്ചു.
നിലവിൽ സർവീസുകൾ വെട്ടിക്കുറച്ചിട്ടുണ്ടെങ്കിലും പ്രതിമാസം 1,200-ലധികം അന്താരാഷ്ട്ര വിമാനങ്ങൾ എയർ ഇന്ത്യ തുടർന്നും ഓപ്പറേറ്റ് ചെയ്യും.
വടക്കേ അമേരിക്കയിലേക്ക് ആഴ്ചയിൽ 33 സർവീസുകളും യൂറോപ്പിലേക്ക് 47 സർവീസുകളും ബ്രിട്ടനിലേക്ക് 57 സർവീസുകളും നിലനിർത്തും. ഇതിനുപുറമെ ഓസ്ട്രേലിയ, തെക്കുകിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലേക്കും സർവീസുകൾ തുടരും.
സർവീസുകൾ റദ്ദാക്കുന്നതു മൂലം ബുദ്ധിമുട്ടുന്ന യാത്രക്കാർക്ക് ടിക്കറ്റ് തുക പൂർണമായി തിരികെ നൽകാനോ അല്ലെങ്കിൽ സൗജന്യമായി മറ്റൊരു തീയതിയിലേക്കു മാറ്റാനോ ഉള്ള സൗകര്യം ലഭ്യമാണെന്നും എയർ ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. സാഹചര്യം മെച്ചപ്പെടുന്ന മുറയ്ക്ക് നിർത്തിവച്ച സർവീസുകൾ പുനരാരംഭിക്കാനാണ് കമ്പനിയുടെ തീരുമാനം.
Business
മുംബൈ: ഇന്ത്യന് എണ്ണക്കമ്പനികള്ക്കു പ്രതിമാസം 30000 കോടി രൂപയുടെ നഷ്ടം സംഭവിക്കുന്നതായി റിപ്പോര്ട്ട്. ഇറാന്-ഇസ്രയേല്-അമേരിക്ക സംഘര്ഷത്തിന്റെ പശ്ചാത്തലത്തില് ക്രൂഡ് ഓയില് വില ബാരലിന് 100 ഡോളര് കഴിഞ്ഞു. ഇതാണ് എണ്ണക്കമ്പനികളെ കടുത്ത പ്രതിസന്ധിയിലേക്കു തള്ളിവിട്ടത്. ഈ സാഹചര്യത്തില് വിലവര്ധനയല്ലാതെ മറ്റു മാര്ഗങ്ങളില്ലെന്ന് പെട്രോളിയം മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി സുജാത ശര്മ പറഞ്ഞു.
ജൂണ് അവസാനത്തോടെ നഷ്ടം 50,000 കോടി കടന്നേക്കുമെന്നാണ് കണക്കുകൂട്ടൽ. പാചകവാതക വിതരണത്തില് മാത്രം ഏകദേശം 20,000 കോടിയുടെ നഷ്ടം സംഭവിച്ചേക്കുമെന്നാണ് കമ്പനികളുടെ കണക്കുകൂട്ടല്.
നിലവില്, കമ്പനികള്ക്കു പെട്രോള് ലിറ്ററിന് 20 രൂപയും ഡീസല് ലീറ്ററിന് 100 രൂപയോളവും നഷ്ടം നേരിടുന്നതായി കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിലെ മുതിര്ന്ന ഉദ്യോഗസ്ഥന് പിടിഐയോടു പറഞ്ഞു. കഴിഞ്ഞ വര്ഷം ബാരലിന് 70 ഡോളറായിരുന്ന ക്രൂഡ് ഓയിലിന് ഈ മാസം 114 ഡോളറാണു ശരാശരി വില.
ഹോര്മുസ് കടലിടുക്കിലൂടെയുള്ള കപ്പല് ഗതാഗതം പഴയപോലെയായില്ലെങ്കില് എല്പിജി വിതരണം പൂര്ണതോതിലാകില്ലെന്ന് കമ്പനികള് മുന്നറിയിപ്പ് നല്കുന്നു. വാണിജ്യ എല്പിജി സിലിണ്ടറിനുണ്ടായ വിലവര്ധന രാജ്യത്തെ ഹോട്ടല്, റസ്റ്ററന്റ്, കാറ്ററിംഗ് മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. പല ഹോട്ടലുകളും ഭക്ഷണത്തിന് വില വര്ധിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ നാലു വര്ഷമായി ഇന്ത്യയില് റീട്ടെയില് ഇന്ധനവിലയില് വലിയ വ്യതിയാനമുണ്ടായിട്ടില്ല. പെട്രോള്, ഡീസല് വില നിശ്ചയിക്കുന്നത് പൊതുമേഖലാ എണ്ണക്കമ്പനികളാണ്. ഇന്ത്യന് ഓയില് കോര്പറേഷന്, ഭാരത് പെട്രോളിയം കോര്പറേഷന് ലിമിറ്റഡ്, ഹിന്ദുസ്ഥാന് പെട്രോളിയം കോര്പറേഷന് ലിമിറ്റഡ് എന്നിവയാണ് രാജ്യത്തെ പ്രധാന എണ്ണക്കമ്പനികള്. പൊതുമേഖലാ കമ്പനികള് കൂടിയ വിലയ്ക്ക് ക്രൂഡ്ഓയില് വാങ്ങി സംസ്കരിച്ച് കുറഞ്ഞ വിലയ്ക്കാണ് ഉപയോക്താക്കള്ക്കു വിൽക്കുന്നത്. വിപണിയില് വിലവര്ധന ഉണ്ടാകാതിരിക്കാന് വേണ്ടിയാണിത്.
ഈ സാഹചര്യത്തില് ഈമാസം 15ന് മുമ്പ് രാജ്യത്ത് പെട്രോള്, ഡീസല് വില വര്ധിപ്പിച്ചേക്കുമെന്ന് ദേശീയ മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നു. നഷ്ടം നേരിടുന്നുണ്ടെങ്കിലും എണ്ണക്കമ്പനികള്ക്കു പ്രത്യേക സാമ്പത്തികസഹായം നല്കാന് പദ്ധതിയില്ലെന്ന് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്, തെരഞ്ഞെടുപ്പുകള് അവസാനിച്ച സ്ഥിതിക്ക് ഇന്ധനവില ഉയര്ത്താനാണു സാധ്യത. ഇന്ധനവില വര്ധിപ്പിക്കുന്നത് ഗതാഗതച്ചെലവ് കൂട്ടുമെന്നതിനാല് വിപണിയില് വിലക്കയറ്റത്തിന് ഇതു കാരണമായേക്കാം.
National
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിനു പിന്നാലെ ഇന്ധന വില ഉയർത്തുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രസർക്കാർ.
പെട്രോൾ, ഡീസൽ വില വർധിപ്പിക്കുന്നതിന് ഒരുതരത്തിലുള്ള ആലോചനയുമില്ലെന്ന് പെട്രോളിയം മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുജാത ശർമ വ്യക്തമാക്കി.
പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് രണ്ടുമാസത്തിനിടെ ക്രൂഡ് ഓയിൽ വിലയിൽ 50 ശതമാനത്തിന്റെ വർധനയുണ്ടായിട്ടും ഇന്ധനവില മാറ്റമില്ലാതെ തുടരുകയാണ്. നാലു വർഷമായി ഇന്ധനവിലയിൽ വ്യത്യാസമില്ലെന്നും സുജാത പറഞ്ഞു.
വില വർധിക്കുമെന്ന അഭ്യൂഹങ്ങളെത്തുടർന്ന് ചിലയിടങ്ങളിൽ ആളുകൾ കൂടുതലായി ഇന്ധനം ശേഖരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ സംസ്ഥാനസർക്കാരുകളുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും സെക്രട്ടറി പറഞ്ഞു.
National
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പുകൾക്കുശേഷം രാജ്യത്ത് ഇന്ധന വില വർധിപ്പിക്കുമെന്ന പ്രചാരണം തള്ളി കേന്ദ്ര പെട്രോളിയം മന്ത്രാലയം. നിലവിൽ ഇന്ധനവില വർധിപ്പിക്കാനുള്ള യാതൊരു നിർദേശവും സർക്കാരിന്റെ പരിഗണനയിലില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. മന്ത്രാലയത്തിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ട് വഴിയാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.
പൗരന്മാർക്കിടയിൽ ഭീതിയും പരിഭ്രാന്തിയും സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ വാർത്തകളാണു പ്രചരിക്കുന്നത്. കഴിഞ്ഞ നാലു വർഷത്തിനിടയിൽ ഇന്ധന വില വർധിപ്പിക്കാത്ത ഏക രാജ്യം ഇന്ത്യയാണ്. അന്താരാഷ്ട്രവിപണിയിലെ വിലക്കയറ്റത്തിൽനിന്നു ജനങ്ങളെ സംരക്ഷിക്കാൻ കേന്ദ്രസർക്കാരും പൊതുമേഖലാ എണ്ണക്കന്പനികളും നിരന്തരമായ നടപടികളാണു സ്വീകരിച്ചുവരുന്നതെന്നും പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി.
അന്താരാഷ്ട്രതലത്തിൽ ക്രൂഡ് ഓയിൽ വില ഉയരുന്ന പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് കഴിയുന്നതോടെ രാജ്യത്ത് ഇന്ധനവില വർധിക്കുമെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചത്. എന്നാൽ, അന്താരാഷ്ട്രവിപണിയിലെ ഉയർച്ച -താഴ്ചയ്ക്കിടയിലും റീട്ടെയിൽ വിലയിൽ മാറ്റമില്ലാതെ നിലനിർത്താൻ എണ്ണക്കന്പനികൾക്കു സാധിച്ചിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചു.
NRI
ഫ്രാങ്ക്ഫർട്ട്: ഇന്ധനവില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ പ്രമുഖ ജർമൻ വിമാനക്കമ്പനിയായ ലുഫ്താൻസ ഒക്ടോബർ വരെയുള്ള 20,000 വിമാന സർവീസുകൾ റദ്ദാക്കി.
അമേരിക്ക - ഇസ്രായേൽ - ഇറാൻ യുദ്ധം ആരംഭിച്ചതിനുശേഷം വിമാന ഇന്ധനമായ മണ്ണെണ്ണയുടെ (Kerosene) വില ഇരട്ടിയായതാണ് ഈ കടുത്ത തീരുമാനത്തിന് പിന്നിലെ പ്രധാന കാരണം.
പ്രധാന വിവരങ്ങൾ:
സർവീസുകളുടെ വെട്ടിക്കുറയ്ക്കൽ: ലാഭകരമല്ലാത്ത ഹ്രസ്വദൂര സർവീസുകളാണ് പ്രധാനമായും ഒഴിവാക്കുന്നത്. സിറ്റിലൈൻ എന്ന സബ്സിഡിയറി കമ്പനി നിർത്തലാക്കിയതോടെയാണ് ഈ പ്രതിസന്ധി രൂക്ഷമായത്.
ബാധിക്കപ്പെട്ട റൂട്ടുകൾ: ഫ്രാങ്ക്ഫർട്ടിൽ നിന്ന് പോളണ്ടിലെ ബിഡ്ഗോഷ്ക്, ഷെഷോവ് , നോർവേയിലെ സ്റ്റാവഞ്ചർ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ താത്കാലികമായി നിർത്തി. പത്തോളം മറ്റ് സർവീസുകൾ മ്യൂണിക്ക്, വിയന്ന തുടങ്ങിയ മറ്റ് ഹബ്ബുകൾ വഴി പുനഃക്രമീകരിച്ചു.
ഇന്ധന ലാഭം: ഈ നീക്കത്തിലൂടെ ഏകദേശം 40,000 ടൺ ഇന്ധനം ലാഭിക്കാൻ കഴിയുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. ഏപ്രിൽ അവസാനത്തോടെ പരിഷ്കരിച്ച വിമാന സമയക്രമം ലുഫ്താൻസ പുറത്തുവിടും.
ഫ്രാങ്ക്ഫർട്ട് എയർപോർട്ട്: മൂന്നാം ടെർമിനൽ പ്രവർത്തനസജ്ജമായി
ലുഫ്താൻസ സർവീസുകൾ വെട്ടിക്കുറയ്ക്കുമ്പോഴും ജർമനിയിലെ ഏറ്റവും വലിയ വിമാനത്താവളമായ ഫ്രാങ്ക്ഫർട്ടിൽ അത്യാധുനികമായ ടെർമിനൽ3 ബുധനാഴ്ച ഉദ്ഘാടനം ചെയ്തു.
ശേഷി: പ്രതിവർഷം 1.9 കോടി യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ള ഈ ടെർമിനൽ ഭാവിയിൽ 2.5 കോടി വരെയായി ഉയർത്താൻ സാധിക്കും.
നിർമാണം: 10 വർഷം മുമ്പ് ആരംഭിച്ച പണി കോവിഡ് പ്രതിസന്ധികൾ കാരണം വൈകിയാണ് പൂർത്തിയായത്. ഏകദേശം നാല് ബില്യൺ യൂറോയാണ് ഇതിന്റെ നിർമാണച്ചെലവ്.
വിമർശനം: പരിസ്ഥിതി നാശവും സാമ്പത്തിക ദുർവ്യയവും ആരോപിച്ച് ചില പരിസ്ഥിതി സംഘടനകൾ ഈ പദ്ധതിയെ വിമർശിച്ചിട്ടുണ്ട്.
Business
ന്യൂഡൽഹി: അസംസ്കൃത എണ്ണ വില കുത്തനെ ഉയർന്നിട്ടും ഇന്ത്യയിലെ പൊതുമേഖല എണ്ണക്കന്പനികൾ ഇന്ധനവില വർധിപ്പിക്കാത്തതിനാൽ പെട്രോൾ ലിറ്ററിന് 18 രൂപയും ഡീസൽ ലിറ്ററിന് 35 രൂപയും നഷ്ടം വർധിച്ചതായി റിപ്പോർട്ടുകൾ.
ഏകദേശം പത്ത് വർഷം മുന്പുതന്നെ ഇന്ധനവില നിയന്ത്രണം നീക്കം ചെയ്തിട്ടും പൊതുമേഖലാ എണ്ണക്കന്പനികളായ ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ എന്നിവ 2022 ഏപ്രലിനുശേഷം പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ മാറ്റം വരുത്തിയിട്ടില്ല.
ഈ കാലയളവിൽ ആഗോള വിപണിയിൽ അസംസ്കൃത എണ്ണ വിലയിൽ വലിയ ചാഞ്ചാട്ടങ്ങളാണുണ്ടായത്. റഷ്യ-യുക്രെയ്ൻ യുദ്ധത്തെത്തുടർന്ന് ബാരലിന് 100 ഡോളറിനു മുകളിലേക്ക് ഉയർന്ന അസംസ്കൃത എണ്ണ വില ഈ വർഷം ആദ്യം 70 ഡോളറിലേക്ക് താഴ്ന്നിരുന്നു. എന്നാൽ, ഇറാനെതിരേ യുഎസ്-ഇസ്രയേൽ ആക്രമണങ്ങൾ വിതരണതടസ ഭീഷണി ഉയർത്തിയതോടെ കഴിഞ്ഞ മാസം അസംസ്കൃത എണ്ണ വില 120 ഡോളറിലേക്ക് കുതിച്ചുയർന്നു.
കഴിഞ്ഞ മാസം ഏറ്റവും ഉയർന്ന നിരക്കിൽ മൂന്നു കന്പനികളുടെയും പ്രതിദിന നഷ്ടം 2400 കോടി രൂപ വരെയായിരുന്നു. സർക്കാർ ഇന്ധനനികുതി ലിറ്ററിന് 10 രൂപ വീതം കുറച്ചതോടെ ഈ നഷ്ടം 1600 കോടി രൂപയായി കുറഞ്ഞു. ഈ നികുതിയിളവിന്റെ ഗുണം വില കുറച്ച് ജനങ്ങൾക്കു നൽകുന്നതിനു പകരം കന്പനികളുടെ നഷ്ടം നികത്താനാണ് ഉപയോഗിച്ചതെന്ന് വ്യവസായ വൃത്തങ്ങൾ പറഞ്ഞു.
ജനുവരി, ഫെബ്രുവരി മാസങ്ങളിൽ കന്പനികൾ ഉണ്ടാക്കിയ എല്ലാ നേട്ടങ്ങളും മാർച്ചിലെ നഷ്ടം ഇല്ലാതാക്കിയെന്ന് അവർ പറഞ്ഞു. ജനുവരി മുതൽ ഫെബ്രുവരി വരെയുള്ള പാദത്തിൽ മൂന്നു കന്പനികളും നഷ്ടം രേഖപ്പെടുത്താനാണ് സാധ്യത.
2025ൽ ഇന്ത്യയുടെ അസംസ്കൃത എണ്ണ ആവശ്യകതയുടെ 88 ശതമാനവും ഇറക്കുമതി ചെയ്യുകയായിരുന്നു. ആഗോള വിപണിയിലെ വിലക്കയറ്റം രാജ്യത്തെ കാര്യമായി ബാധിക്കുന്നു. ഇറക്കുമതിയുടെ 45 ശതമാനം മിഡിൽ ഈസ്റ്റിൽ നിന്നും 35 ശതമാനം റഷ്യയിൽ നിന്നും, 6 ശതമാനം യുഎസിൽ നിന്നുമാണ്. ഇത്രയധികം എണ്ണ ഇറക്കുമതി ചെയ്യുന്പോഴും ഡീസൽ, പെട്രോൾ, വിമാന ഇന്ധനം തുടങ്ങിയ പെട്രോളിയം ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്ന രാജ്യമായി ഇന്ത്യ തുടരുന്നു.
മാർച്ച് മാസത്തിൽ സർക്കാർ ഇന്ധന നികുതി ലിറ്ററിന് 10 രൂപ വീതം കുറച്ചിരുന്നു. നിലവിൽ കേന്ദ്ര നികുതി പെട്രോളിന് ലിറ്ററിന് 11.9 രൂപയായും ഡീസലിന് 7.8 രൂപയായും കുറഞ്ഞിട്ടുണ്ട്.
നിലവിലെ വിലനിലവാരം അനുസരിച്ച് എക്സൈസ് ഡ്യൂട്ടി പൂർണമായും ഒഴിവാക്കിയാലും എണ്ണക്കന്പനികൾ നേരിടുന്ന വലിയ നഷ്ടം നികത്താൻ സാധിക്കില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
National
ന്യൂഡല്ഹി: നയാരയ്ക്ക് പിന്നാലെ ഇന്ധനവില വര്ധിപ്പിച്ച് പ്രമുഖ കമ്പനിയായ ഷെല് ഇന്ത്യയും. ഏപ്രില് ഒന്നിന് പുതുക്കിയ പെട്രോള്, ഡീസല് നിരക്ക് പ്രാബല്യത്തില് വന്നു.
ആഗോള വിപണിയില് എണ്ണവില വര്ധിച്ചതാണ് ഇന്ധനവില വര്ധിപ്പിക്കാന് കാരണമായി പറയുന്നത്.
ബംഗളൂരുവില് പെട്രോളിന് ലിറ്ററിന് 7.41 രൂപയാണ് വർധിപ്പിച്ചത്. ഇപ്പോള് സ്റ്റാന്ഡേര്ഡ് വേരിയന്റിന് ലിറ്ററിന് 119.85 രൂപയാണ് വില. പവര് വേരിയന്റിന് 129.85 രൂപ നല്കണം. പ്രാദേശിക നികുതികള് കാരണം നഗരങ്ങളില് വിലയില് വ്യത്യാസമുണ്ടാകും.
അതേസമയം ഡീസൽ വില ഇനിയും ഉയർന്നേക്കാമെന്ന് സൂചനകളുണ്ട്. എന്നാൽ ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണമില്ല. പെട്രോൾ ലിറ്ററിന് 5.30 രൂപയും ഡീസലിന് മൂന്നുരൂപയുമാണ് നയാര വര്ധിപ്പിച്ചത്.
NRI
ന്യൂയോർക്ക് :ഇറാൻ-ഇസ്രായേൽ സംഘർഷം ശക്തമായതോടെ അമേരിക്കയിൽ പെട്രോൾ വില കുതിച്ചുയരുന്നു. ഈ ആഴ്ചത്തെ കണക്കുകൾ പ്രകാരം ദേശീയ ശരാശരി നിരക്ക് ഗാലന് 3.50 ഡോളർ കടന്നു. 2024 മേയ് മാസത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.
ഫെബ്രുവരി 28-ന് ഇറാനെതിരെയുള്ള സൈനിക നീക്കത്തിൽ അമേരിക്ക പങ്കുചേർന്നതിന് ശേഷം വെറും 11 ദിവസത്തിനുള്ളിൽ ഇന്ധനവിലയിൽ 60 സെന്റ് (ഏകദേശം 20 ശതമാനം) വർധനവാണ് ഉണ്ടായത്. ബുധനാഴ്ചത്തെ കണക്കനുസരിച്ച് ശരാശരി വില ഗാലന് 3.58 ഡോളറിലെത്തി.
ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ നീക്കം തടസപ്പെട്ടതാണ് ആഗോളതലത്തിൽ എണ്ണവില ഉയരാൻ കാരണം. കൂടാതെ, ഉൽപ്പാദനച്ചെലവ് കൂടുതലുള്ള 'സമ്മർ-ഗ്രേഡ്' ഇന്ധനത്തിലേക്കുള്ള മാറ്റവും വില വർധനവിന് ആക്കം കൂട്ടുന്നു.
യുക്രൈയ്ൻ അധിനിവേശ സമയത്തുണ്ടായതിന് സമാനമായ വേഗത്തിലുള്ള വിലക്കയറ്റമാണ് ഇപ്പോൾ ദൃശ്യമാകുന്നത്. ഇത് സാധാരണക്കാരുടെ കുടുംബ ബജറ്റിനെ ദോഷകരമായി ബാധിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ഊർജ്ജവില കുറയ്ക്കുമെന്ന വാഗ്ദാനവുമായി അധികാരത്തിലെത്തിയ പ്രസിഡന്റ് ഡോണൾഡ് ട്രംപിനും റിപ്പബ്ലിക്കൻ പാർട്ടിക്കും വരാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ ഈ വിലക്കയറ്റം വലിയ വെല്ലുവിളിയായേക്കാം.
അന്താരാഷ്ട്ര ഊർജ്ജ ഏജൻസി എണ്ണ ശേഖരം വിപണിയിലിറക്കാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും, വരും ദിവസങ്ങളിലും വില വർധിക്കാൻ തന്നെയാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.
International
വാഷിംഗ്ടൺ: ലോകമെമ്പാടും ഇന്ധനവില കുതിച്ചുയരുന്നതിലും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതിലും ആശങ്ക വേണ്ടെന്നും ഇറാന്റെ ഭീഷണിയെ അടിച്ചമർത്തുന്നതിനാണ് താൻ മുൻഗണന നൽകുന്നതെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനെതിരെയുള്ള സൈനിക നടപടികൾക്കിടയിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹോർമുസ് കടലിടുക്കിലെ സ്തംഭനം മൂലം എണ്ണവില വർധിക്കുന്നത് താത്കാലിക പ്രതിസന്ധി മാത്രമാണെന്നും എന്നാൽ ഇറാൻ ഉയർത്തുന്ന ആണവ-ഭീകരവാദ ഭീഷണി ലോകത്തിന്റെ നിലനിൽപ്പിനു തന്നെ അപകടമാണെന്നും ട്രംപ് പറഞ്ഞു. "വിലയേറിയ ഇന്ധനത്തേക്കാൾ വിലപ്പെട്ടതാണ് ലോകസമാധാനം" എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
ഇസ്രയേലുമായി ചേർന്ന് ഇറാന്റെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ നടത്തുന്ന ആക്രമണങ്ങൾ തുടരുമെന്ന സൂചനയാണ് ട്രംപ് നൽകുന്നത്. ഇറാന്റെ ഭരണകൂടത്തെ സാമ്പത്തികമായും സൈനികമായും തളർത്തുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം ആവർത്തിച്ചു.
യുദ്ധം മൂലം ക്രൂഡ് ഓയിൽ വില ബാരലിന്റിക്കാർഡ് നിരക്കിലേക്ക് ഉയർന്നിട്ടുണ്ട്. എന്നാൽ, അമേരിക്കയുടെ എണ്ണശേഖരം ഉപയോഗിച്ച് ആഭ്യന്തര വിപണിയെ സംരക്ഷിക്കുമെന്നും മറ്റ് രാജ്യങ്ങൾ ഇതിനോടു സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.